ന്യൂദൽഹി: രാജ്യത്തുടനീളമുള്ള സ്കൂളുകൾ, ആശുപത്രികൾ, ഹൈക്കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് 1,100 ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ശ്രീനിവാസ് ലൂയിസിനെയാണ് ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ലൂയിസ് ബിരുദാനന്തര ബിരുദധാരിയും ബെംഗളൂരു സ്വദേശിയുമാണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലുടനീളം ലൂയിസ് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ദൽഹി ഹൈക്കോടതി, നിയമസഭ, ദേശീയ തലസ്ഥാനത്തുടനീളമുള്ള നിരവധി വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഇയാൾ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ദൽഹി പോലീസും ലോക്കൽ പോലീസ് സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടർന്ന് ശനിയാഴ്ച കർണാടകയിലെ മൈസൂരുവിലെ വാടക വീട്ടിൽ നിന്നാണ് ലൂയിസിനെ പിടികൂടിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതി നൂറുകണക്കിന് കോളുകൾ വിളിക്കുകയും നിരവധി ഇമെയിലുകൾ അയയ്‌ക്കുകയും പ്രധാന സ്ഥാപനങ്ങൾ തകർക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇമെയിലുകളിലൂടെയും മറ്റ് ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയും രാജ്യത്തുടനീളം 1,100-ലധികം ഭീഷണി സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചുവെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭീഷണികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
















