ഗുവാഹത്തി: നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂട്ടരും എസ്ഐആറിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിത്പൂര്‍ ജില്ലയിലെ ധേക്കിയജുലി നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിന്റെ സുരക്ഷ ഗൗരവമായി എടുത്തില്ല. അവര്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ നമ്മുടെ രാജ്യത്ത് എത്തിച്ച് ആളുകളെ കൊല്ലാന്‍ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതിന് ശേഷം അദ്ദേഹം ഭീകരര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമാണ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. ഇക്കാരണത്താലാണ് ഗൊഗോയി ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവത്തതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആസാമിലെ നുഴഞ്ഞുകയറ്റം തടഞ്ഞു. എന്നാല്‍ ഇത് പര്യാപ്തമല്ല, ഓരോ അനധികൃത കുടിയേറ്റക്കാരനെയും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണം. നുഴഞ്ഞുകയറ്റക്കാര്‍ പ്രാദേശിക യുവാക്കളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയാണ്. ഇവര്‍ ആസാമില്‍ അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.25 ലക്ഷത്തിലധികം ഏക്കര്‍ ഭൂമി കയ്യേറ്റങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ആസാമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മുക്തമാക്കുന്നതിനും സമാധാനവും വികസനവും ഉറപ്പാക്കുന്നതിനും ഹിമന്ത ബിശ്വ ശര്‍മ്മയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനും ആസാമിന്റെ ജനസംഖ്യാപരവും സാമ്പത്തികവുമായ താത്പ്പര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യബോധമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.














