കൊച്ചി: കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം ഉന്നതര്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടിയില്‍ ഹൈബ്രിഡ് കഞ്ചാവും കൊക്കൈയ്‌നും മെത്താഫിറ്റമിനും എത്തിയത് വിദേശത്ത് നിന്ന്.വിഷയത്തില്‍ കസ്റ്റംസും അന്വേഷണം തുടങ്ങി.
പിടിയിലായ ഷോണ്‍ കഴിഞ്ഞ വര്‍ഷം കസ്റ്റംസിന്റെ കയ്യില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണെന്നാണ് അറിയുന്നത്.ആഡംബര ഹോട്ടലില്‍ നിന്ന് 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. ലഹരി പാര്‍ട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണ്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ ലഭ്യമല്ലാത്ത മെത്താഫിറ്റമിന്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്‌ലന്‍ഡ് പോലെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ്.
ഷോണ്‍ കഴിഞ്ഞ വര്‍ഷം നെഫര്‍റ്റിറ്റി ക്രൂയിസില്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നു. വിവരമറിഞ്ഞ് കസ്റ്റംസ് എത്തിയപ്പോഴേയ്‌ക്കും രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഷോണ്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം. ക്രൂയിസ് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടേതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഡോകറും, അഭിഭാഷകനും, ബിസിനസുകാരും വിദ്യാര്‍ത്ഥികളുമടക്കമുള്ള യുവതി യുവാക്കളാണ് ഇന്നലെ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പിടിയിലായത്.
















