ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രണ്ട് സീറ്റുകളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ ട്രിച്ചി ഈസ്റ്റിൽ നിന്നും പെരമ്പൂരിൽ നിന്നും താരം മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളെയും താരം പ്രഖ്യാപിച്ചു.
അഴിമതിയിൽ നിന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ നിന്നും ഒരു മാറ്റം വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ പാർട്ടിയുടെ വിസിൽ ചിഹ്നത്തെ പിന്തുണയ്‌ക്കാൻ വിജയ് വോട്ടർമാരോട് അഭ്യർത്ഥിച്ചു.
234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം വിജയ് തന്നെ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. ചെന്നൈയിലെ പെരമ്പൂർ, മധ്യ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കൊളത്തൂരിൽ വി.എസ്. ബാബുവും, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ചേപ്പോക്കിൽ ഡി. സെൽവവും മത്സരിക്കും. കൂടാതെ, പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് ടി. നഗറിൽ നിന്നും, മുൻ എഐഎഡിഎംകെ മന്ത്രി കെ.എ. സെൻഗോട്ടയ്യൻ തന്റെ തട്ടകമായ ഗോപിചെട്ടിപാളയത്ത് നിന്നും ടിവികെ ടിക്കറ്റിൽ മത്സരിക്കും. മേയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.
മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു. ബാലറ്റിൽ ‘സി ജോസഫ് വിജയ്’ എന്ന പേരാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
















