വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന ‘നോ കിങ്സ്’ റാലികളിൽ വൻ ജനക്കൂട്ടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. അമേരിക്കക്ക് പുറമെ വിദേശത്ത് അമേരിക്കക്കാർ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മിനസോട്ടയിലെ പ്രകടനമാണ്. കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെയാണ് മിനസോട്ടയിലെ പരിപാടി പ്രധാനമായും സംഘടിപ്പിച്ചത്. സെന്റ് പോളിലെ ക്യാപിറ്റൽ പുൽത്തകിടിയിലെ പ്രധാന വേദിയിൽ പ്രശസ്ത ഗായകൻ ബ്രൂസ് സ്പ്രിംഗ്‌സ്റ്റീൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ശൈത്യകാലത്തും യു.എസ് കസ്റ്റംസ് ആൻഡ് എമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാരുടെ കടന്നുകയറ്റത്തിനെതിരെ തെരുവിലിറങ്ങിയ മിനസോട്ടയിലെ ജനങ്ങളെ അദ്ദേഹവും മറ്റു പ്രാസംഗികരും പ്രശംസിച്ചു. വേദിയിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇറാൻ യുദ്ധം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ പിൻവലിക്കൽ, കുടിയേറ്റക്കാർക്കെതിരായെടുത്ത കർശന നടപടികൾ എന്നിവയാണ് പ്രതിഷേധക്കാരെ തെരുവിലിറക്കിയത്. ഫെഡറൽ ഏജന്റുമാർ റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നിവരെ വെടിവച്ചു കൊന്നതിലും പ്രതിഷേധമുയർന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിലായി 3,100ലധികം പരിപാടികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചത്തെ റാലികളിൽ ഏകദേശം 9 ദശലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിച്ചിരുന്നു. ന്യൂയോർക്ക്, സാൻ ഡീഗോ തുടങ്ങിയ നഗരങ്ങൾക്ക് പുറമെ ലണ്ടൻ, പാരീസ്, റോം തുടങ്ങിയ ലോക നഗരങ്ങളിലും പ്രതിഷേധം നടന്നു. അമേരിക്കൻ പതാകകൾ തലകീഴായി പിടിച്ചും (ദുരിതത്തിന്റെ അടയാളം), “കിരീടം താഴെയിടൂ, കോമാളി” “ഭരണമാറ്റം വീട്ടിൽ നിന്ന് ആരംഭിക്കുന്നു” എന്നീ ബാനറുകൾ തുടങ്ങിയ ബോർഡുകൾ ഉയർത്തിയുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്.
പ്രതിഷേധത്തെ റിപ്പബ്ലിക്കൻ പാർട്ടി തള്ളി. പ്രതിഷേധങ്ങൾ “ഇടതുപക്ഷ ഫണ്ടിംഗ് ശൃംഖലകളുടെ” സൃഷ്ടിയാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് അബിഗയിൽ ജാക്സൺ വിശേഷിപ്പിച്ചത്.
















