തിരൂര്‍: തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്കെതിരെ കേസെടുത്ത് പോലീസ്. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും ആണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗജന്യ വിദേശയാത്ര വാഗ്ദാനംചെയ്തത്. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
തിരൂര്‍ എസ്എച്ച്ഒയ്‌ക്കാണ് അന്വേഷണ ചുമതല. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് എടുത്തത്. പ്രസംഗത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. റിട്ടേൺ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ബൂത്തിൽ വോട്ട് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതു ബാധകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















