പാലക്കാട് : ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് പി കെ ശശിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.
എല്ലാ കാലത്തും ചരിത്രം വഞ്ചകന്‍മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആ ഒറ്റപ്പെടല്‍ അതിന്റേതായ രീതിയില്‍ വഞ്ചകന്‍മാരെല്ലാം അനുഭവിക്കാന്‍ പോവുകയാണ്. നാടിനെ പരിഹസിക്കാനും നാട്ടുകാരെ വിലകുറച്ച് കാണാനും ബഹുജനങ്ങളെ അവമതിക്കാനും തയ്യാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല. ഇത് ഒരു പാഠമായെടുക്കുക – പിണറായി വിജയന്‍ പറഞ്ഞു.
















