ന്യൂദൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ദൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. വൈകിട്ട് നാലരയ്‌ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
തന്റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു മോഹൻലാൽ ദൽഹി കോടതിയെ സമീപിച്ചത്. മെറ്റയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. അതേസമയം, ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ദൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റ വാദിച്ചത്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ നേരത്തെ സമാന വിഷയത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
















