ഇ.എ. രാജേന്ദ്രന്റെ വിടവാങ്ങല്‍ നാടക ലോകത്തിനും തീരാവേദനയാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും അദ്ദേഹം നെഞ്ചോട് ചേര്‍ത്ത നാടകമാണ് കാളിദാസ കലാകേന്ദ്രം.
കാളിദാസ കലാകേന്ദ്രത്തിലെ ശ്രദ്ധേയമായ നാടകങ്ങളായ മാക്ബത്ത്, കരുണ, രമണന്‍, അമ്മ തുടങ്ങിയ നാടകങ്ങളില്‍ ത്രിമാനരംഗ സംവിധാനത്തിലൂടെ പുതിയ സാങ്കേതിക വിദ്യയ്‌ക്ക് തുടക്കമിട്ടത് ഇ.എ. രാജേന്ദ്രനാണ്. ഇതില്‍ ഷേക്‌സ്പിയറിന്റെ മാക്ബത്ത്, ജര്‍മ്മന്‍ എഴുത്തുകാരന്‍ ബര്‍ത്തോള്‍ഡ് ബ്രഹ്ത്തിന്റെ ദി കൊക്കേഷന്‍ ചോക്ക് സര്‍ക്കിള്‍ എന്ന നാടകത്തിന്റെ സ്വതന്ത്ര നാടകാവിഷ്‌കാരമായ അമ്മ എന്നീ നാടകങ്ങള്‍ ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ നാടകങ്ങളിലെ ത്രിമാന ദൃശ്യവൈദഗ്ധ്യം ഇരുകൈകളും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു.
ഒ. മാധവന്റെ മരണശേഷം രാജേന്ദ്രനും ഭാര്യ സന്ധ്യയുമാണ് കാളിദാസകലാ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്നത്. നാല്‍പ്പതില്‍പരം ടിവി സീരിയലുകളിലും ഇ.എ. രാജേന്ദ്രന്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. നിരവധി സീരിയലുകള്‍ സ്വന്തമായി നിര്‍മ്മിച്ചു.
മരണം സംഭവിക്കുന്നതിന്റെ തലേദിവസവും അദ്ദേഹം നിര്‍മ്മിക്കുന്ന ടിവി സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയിരുന്നു. നാടകസംവിധാനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച ഭൗതികദേഹം ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും സമൂഹത്തിന്റെ വിവിധതലത്തിലുള്ള ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഉച്ചയ്‌ക്ക് ഒന്നോടെ പോളയത്തോട്ടെ കാളിദേസ കലാകേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം 2.30ഓടെ തൃശൂരിലേക്ക് കൊണ്ടുപോയി.
















