കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ അഡ്വ. വി.കെ. സജീവന്‍, നവ്യ ഹരിദാസ്, അഡ്വ.കെ.പി. പ്രകാശ്ബാബു, സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കേരളത്തിന്റെ ദുരന്തകാലം ചര്‍ച്ച ചെയ്യാതിരിക്കാനാണ് ചെപ്പടിവിദ്യയുമായി ഇരുമുന്നണികളും ഡീലുമായി ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ രാഷ്‌ട്രീയ വളര്‍ച്ചക്കുള്ള അംഗീകാരമാണ് ഇരുമുന്നണികളുടെയും പരിഭ്രാന്തിയില്‍ നിന്ന് പുറത്തുവരുന്നത്. അത് ആരോപണമല്ല പരിദേവനമാണ്. ബിജെപി ആര്‍ജിച്ച ജനകീയ ശക്തിയെക്കുറിച്ചുള്ള പരിഭ്രാന്തിയാണ് ആരോപണത്തിന് പിന്നില്‍. മറുപടി അര്‍ഹിക്കാത്ത രാഷ്‌ട്രീയ വക്രതയാണ് ഇരുമുന്നണികളുടെയും നേതാക്കള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തെ ചതിക്കുഴിയിലാക്കിയ ഭരണകൂടങ്ങളുടെ കൊള്ളരുതായ്‌മകള്‍ ചര്‍ച്ച ചെയ്യരുതെന്ന് ദുരുദ്ദേശത്തിലാണ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ശബരിമലയിലെ കൊള്ളചെയ്ത സ്വര്‍ണം കണ്ടെത്തണമെന്ന് ആര്‍ജവത്തോടെ പറയാനും അത് തിരിച്ച് പിടിക്കാനും ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ സാധിക്കുമായിരുന്നു. ഭരണകൂടം ജനങ്ങളുടേതായി മാറുമായിരുന്നു. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കപ്പെടുമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ മാറിയ മനോഭാവം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വോട്ട് വര്‍ദ്ധിപ്പിക്കാനല്ല വിജയിക്കാനാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നത്, അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര സംസ്ഥാന മഹിളാ മോര്‍ച്ച അധ്യക്ഷ ചിത്രകിഷോര്‍ വാഗ്, ബിജെപി നേതാക്കളായ കെ.പി. ശ്രീശന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
















