ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടി കൂടി. കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫിനെ (45) കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ പശ്ചിമബംഗാള്‍ നാദിയ സ്വദേശി സൈഫുദ്ദീന്‍ മണ്ഡലിനെയാണ് (33) കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം നിന്ന് പീരുമേട് പൊലീസ് പിടികൂടിയത്.
ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലില്‍ മനു ജോസഫും സൈഫുദ്ദീനും കഴിഞ്ഞ ഒരാഴ്ചയായി ജോലി ചെയ്തുവരികയായിരുന്നു. ഏലപ്പാറയിലെ ലോഡ്ജിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാവിലെ മനു ജോസഫിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തലയ്‌ക്കും മുഖത്തും മാരകമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായത് സംശയത്തിന് ഇടയാക്കി.
കൊല്ലപ്പെട്ടയാളെക്കുറിച്ചോ കൂടെയുണ്ടായിരുന്നയാളെക്കുറിച്ചോ ആദ്യം വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല.തുടര്‍ന്നുളള ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതി സൈഫുദ്ദീന്‍ മണ്ഡലാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതി നാട്ടിലേക്ക് കടന്നേക്കുമെന്ന നിഗമനത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
















