ന്യൂദല്‍ഹി: പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനായി മോഡിഫൈഡ് ഉഡാന്‍ പദ്ധതിയുമായി കേന്ദ്രം. 2026- 27 മുതല്‍ 2035- 36 വരെയുള്ള പത്ത് വര്‍ഷത്തേക്ക് 28,840 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. നേരത്തെ നടപ്പാക്കിയ ഉഡാന്‍ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയത് നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിക്ക് അംഗീകാരം നല്‍കി.
വ്യോമഗതാഗത സേവനം കുറഞ്ഞതും സേവനം ലഭ്യമല്ലാത്തതുമായ ചെറിയ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ സര്‍വീസ് ചെയ്യാത്ത എയര്‍സ്ട്രിപ്പുകളില്‍ നിന്ന് നൂറ് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 12,159 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഇത്തരം 441 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി 2,577 കോടി രൂപ നീക്കിവെക്കും. ഒന്നിന് 15 കോടി രൂപ എന്ന നിലയില്‍ 200 ആധുനിക ഹെലിപാഡുകള്‍ വികസിപ്പിക്കുന്നതിനായി 3,661 കോടി രൂപ നീക്കിവെക്കും. 10 വര്‍ഷത്തേക്ക് 10,043 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് പിന്തുണ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കും. രണ്ട് എച്ച്എഎല്‍ ധ്രുവ് ഹെലികോപ്ടറുകളും രണ്ട് എച്ച്എഎല്‍ ഡോണിയര്‍ വിമാനങ്ങളും വാങ്ങാനും പദ്ധതി നിര്‍ദേശിക്കുന്നു. വിമാനയാത്ര താങ്ങാനാവുന്നതാക്കി മാറ്റുക, ടയര്‍- 2, ടയര്‍- 3 നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 2016 ഒക്ടോബറിലാണ് ഉഡാന്‍ പദ്ധതി ആരംഭിച്ചത്.
അഞ്ച് വര്‍ഷത്തേക്ക് 1,800 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ഇമിഗ്രേഷന്‍, വിസ, ഫോറിനേഴ്‌സ് രജിസ്ട്രേഷന്‍ ആന്‍ഡ് ട്രാക്കിംങ് (ഐവിഎഫ് ആര്‍ടി) പദ്ധതി തുടരുന്നതിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
















