ആലപ്പുഴ; ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ആയുര്‍വേദ മിത്രം പദ്ധതിയ്‌ക്ക് തുടക്കമായി. ആയുര്‍വേദ ജീവിതചര്യ, ആരോഗ്യ പരിപാലനം, രോഗചികിത്സ എന്നിവ ഉള്‍പ്പെടുത്തി സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ 10 ഇടങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ സെമിനാറുകള്‍, ഔഷധ വിതരണം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടപ്പാക്കും.
എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. സനല്‍കുമാര്‍ കുറിഞ്ഞിക്കാട്ടില്‍ അധ്യക്ഷനായി. രക്ഷാധികാരി ഡോ. വിജയന്‍ നങ്ങേലില്‍ മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായ ഡോ. ലിജു മാത്യു, ഡോ. രമാകുമാരി, ഡോ. റഹമ്മത്തുള്ള, ഡോ. ഷിനോയ് രാജ്, ഡോ. രവികുമാര്‍ കല്യാണിശേരില്‍, ഡോ. പി. എസ്. ബിജു, ഡോ. ബിനു സി. നായര്‍, ഡോ. റ്റി. പി. സരസ, ഡോ. ജോജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യയ്‌ക്കും ഋതുചര്യയ്‌ക്കും പ്രാധാന്യം നല്‍കി രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസൃതമായി ഉണ്ടാകുന്ന രോഗങ്ങളില്‍നിന്ന് രക്ഷനേടുവാനുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.











