ഇന്ത്യയിൽ സംവിധായകർക്കിടയിലെ സൂപ്പർസ്റ്റാറാണ് എസ്.എസ്. രാജമൗലി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വാരാണസി’യെക്കുറിച്ചുള്ള കൗതുകകരമായ ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
യഥാർത്ഥ വാരാണസി നഗരത്തിൽ ഷൂട്ടിങ് നടത്തുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ, രാജമൗലി ഹൈദരാബാദിൽ വാരാണസി നഗരത്തിന്റെ തനി പകർപ്പ് തന്നെ നിർമ്മിച്ചിരിക്കുകയാണ്. ഏകദേശം 700 അടി നീളത്തിലും 400 അടി വീതിയിലുമുള്ള ഈ സെറ്റ് യഥാർത്ഥ നഗരത്തിന്റെ 70% വലിപ്പത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഒരു സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ഈ ചിത്രം ത്രേതായുഗം മുതൽ എ.ഡി 2027 വരെയുള്ള വിവിധ കാലഘട്ടങ്ങളെയാണ് അവതരിപ്പിക്കുന്നത്. Time Travel പ്രമേയമാകുന്ന ചിത്രത്തിൽ കാലത്തിനനുസരിച്ച് വാരാണസി നഗരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ കാണിക്കാൻ ഒരേസമയം രണ്ട് രീതിയിലുള്ള സെറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്.
നഗരത്തിലെ ഇടുങ്ങിയ വഴികളും പുരാതനക്ഷേത്രങ്ങളും ഘട്ടുകളും അതേപടി ഇവിടെ പുനർനിർമ്മിച്ചിട്ടുണ്ട്. വാരാണസിയിലെ ചരിഞ്ഞ നിലയിലുള്ള, പ്രശസ്തമായ രത്നേശ്വർ മഹാദേവ് ക്ഷേത്രം, അതിന്റെ ചരിവും കൃത്യമായ അളവുകളും പാലിച്ച് സെറ്റിൽ നിർമ്മിച്ചിരിക്കുന്നത് അത്ഭുതകരമായ കാഴ്ചയാണ്.
പഴയ കാലഘട്ടത്തെ കാണിക്കാൻ കെട്ടിടങ്ങൾ 12 അടിയോളം താഴ്‌ത്തി വെക്കുകയും പിന്നീട് അത് പഴയപടി ആക്കുകയും ചെയ്യുന്ന സങ്കീർണ്ണമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
















