കൊല്ലം: യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ.സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് മുസ്ലീം ലീഗ് നേതാവും യു ഡി എഫ് മണ്ഡലം കണ്‍വീനറുമായ ഇര്‍ഷാദ് ചക്കാലശ്ശേരി നടത്തിയതെന്ന് അവര്‍ പറഞ്ഞു.
ജന പ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. പരാമര്‍ശത്തിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കും.വനിതകള്‍ നയിക്കുന്ന പ്രസ്ഥാനത്തിലെ നേതാവില്‍ നിന്നാണ് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായത്. പരാമര്‍ശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ പറഞ്ഞു. അതിനിടെ, പരാമര്‍ശത്തില്‍ ഇര്‍ഷാദ് ചക്കാലശ്ശേരി ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും പ്രതിഭ ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീര അഴകും വില്‍പനയ്‌ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള പരാമര്‍ശമാണ് ഇര്‍ഷാദ് ചക്കാലശ്ശേരി ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ നടത്തിയത്.
















