കൊച്ചി: ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി, മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്‍ലെ. സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ സനോജ് മിശ്ര തന്നോട് മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ വെളിപ്പെടുത്തി. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താൻ നേരിട്ട ദുരനുഭവങ്ങൾ മൊണാലിസ വിവരിച്ചത്. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ മാധ്യമങ്ങളെ കണ്ടത്.
തനിക്ക് 18 വയസ്സ് തികയുന്നതിന് മുൻപാണ് സനോജ് മിശ്രയിൽ നിന്ന് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായതെന്നും മൊണാലിസ പറഞ്ഞു. ആദ്യ സിനിമയായതിനാൽ വീട്ടുകാരോട് പരാതിപ്പെട്ടപ്പോൾ അവരത് കാര്യമാക്കിയില്ലെന്നും അതുകൊണ്ടാണ് അന്നത് പുറത്തുപറയാൻ കഴിയാതിരുന്നതെന്നും മൊണാലിസ പറഞ്ഞു.
സംവിധായകനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മൊണാലിസ വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും തങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാൽ അത് വലിയ വെല്ലുവിളിയാണെന്നും മൊണാലിസ പറഞ്ഞു.
















