കോട്ടയം/ഇടുക്കി: മീനച്ചൂടിനെ വകവെക്കാതെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മുന്നണിനേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. കോട്ടയത്തും ഇടുക്കിയിലും പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍ തെരഞ്ഞെടുപ്പ് വേദികള്‍ സജീവമായി. നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍യായതോടെ മത്സരചിത്രവും കൂടുതല്‍ വ്യക്തമായി. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്‍ഡിഎ യുടെ പ്രവര്‍ത്തനങ്ങള്‍ ഇരു ജില്ലകളിലും ഊര്‍ജിതമാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, കോട്ടയം ജില്ലയിലെ വൈക്കം, പാല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടത്-വലത് മുന്നണികളെപ്പോലും അത്ഭുതപ്പെടുത്തുന്ന നിലയിലാണ് എന്‍ഡിഎ യുടെ പ്രചാരണം.
ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത് ചില പ്രത്യേകതകളും കാണാനാവും. തൊടുപുഴ സീറ്റ് മകന്‍ അപു ജോസഫിന് കൈമാറി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് മത്സര രംഗത്തുനിന്നും മാറി. കേരളാ കോണ്‍ഗ്രസിന് കുടുംബ രാഷ്രീയം പുതുമയുള്ളതല്ല. എന്നാലും അല്ലറചില്ലറ മുറുമുറുപ്പ് സ്വഭാവികമാണല്ലോ.
മറ്റൊന്ന് ഈ തെരഞ്ഞെടുപ്പില്‍ രണ്ട് മുന്‍ ഇടതുപക്ഷ എംഎല്‍എമാര്‍ ബിജെപി പ്രതിനിധിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന കെ.അജിത്ത് വൈക്കത്തും ദേവികുളത്തെ മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഘടകകക്ഷിയായതോടെ രണ്ടു ജില്ലകളിലും അവരുടെ പ്രതിനിധികള്‍ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി താമര ചിഹ്നത്തില്‍ അച്ഛനും മകനും മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പി.സി.ജോര്‍ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ് പാലായിലും തൊട്ടടുത്ത മണ്ഡിലങ്ങളിലായി ജനവിധി തേടുന്നു. പ്രധാനമായി മൂന്ന് മുന്നണികളാണ് മത്സരരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്‌ക്കുന്നത്. ഇവരുടെ പ്രചാരണ രംഗവും വോട്ട് പിടുത്തവുമെല്ലാം ഏതാണ്ട് പൂര്‍ണമായും ഡിജിറ്റലാണെന്നു തന്നെ പറയാം. പോസ്റ്ററും ബോര്‍ഡും അനൗണ്‍സ്‌മെന്റുമൊക്കെ ഇപ്പോഴും രംഗത്തുണ്ടെങ്കിലും സമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനം തിരിച്ചറിഞ്ഞ്അതുവഴിയുള്ള പ്രചാരണത്തിനും സ്ഥാനാര്‍ത്ഥികള്‍ മുന്തിയ പരഗണന നല്‍കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് വ്യാപകമായി റീലും ഷോട്ട്‌സും സ്റ്റാറ്റസുമൊക്കെ വോട്ട് നേടാനുള്ള ഉപാധിയാക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിലും അതിന്റെ സ്വാധീനം വലുതാണ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുവരെഴുതിയിരുന്ന കാലം എത്രയോ നാളുകള്‍ക്ക് മുമ്പ് അപ്രത്യക്ഷമായി. പ്രൊഫഷണല്‍ എഴുത്തുകാര്‍ ഈ രംഗം കൈയടിക്കിക്കഴിഞ്ഞു. എല്ലാം ഡിജിറ്റലാകുന്ന സമകാലിക യാഥാര്‍ത്ഥ്യത്തില്‍ തെരഞ്ഞെടുപ്പും ഡിജിറ്റലാകുന്നതില്‍ അത്ഭുതമില്ല. എല്ലാ സ്ഥാനാര്‍ത്ഥികളും ഇതിനായി ഒരു ടീമിനെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പിന്റെ അഭിവാജ്യ ഘടകമാണ്. തെരഞ്ഞെടുപ്പില്‍ എഐയുടെ സ്വാധീനം വലുതാണ്. സത്യമേതാണ് വ്യാജമേതാണ് എന്ന് തിരിച്ചറിയാനാകാത്ത വിധം എഐയുടെ പ്രയോഗം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കാലംമാറി, ഡിജിറ്റലായാലും ചിലതൊന്നും ഇന്നും ഒഴിച്ചുകൂടാനിവില്ലെന്നാണ് സ്ഥാന ാര്‍ത്ഥികളും രാഷ്‌ട്രീയ നേതാക്കളും പറഞ്ഞുന്നത്. അതുകൊണ്ട് തന്നെ പോസ്റ്ററും അഭ്യര്‍ത്ഥനയും ബോര്‍ഡും ചുവരെഴുത്തുമൊക്കെയായി തെരഞ്ഞെടുപ്പിലെ പതിവ് കാഴ്ചകള്‍ അരങ്ങുതകര്‍ക്കുകയാണ്.
















