ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ വനിതാ മതില്‍ കെട്ടിയ സിപിഎം നേതാക്കള്‍ വനിതാ സഖാക്കളെ അസഭ്യം പറഞ്ഞ് അപമാനിച്ച് പാര്‍ട്ടിയുടെ പടിയിറക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും, ഡിവൈഎഫ്ഐ നേതാവുമായിരുന്ന അഡ്വ. ഷീബാ രാകേഷാണ് പാര്‍ട്ടിയിലെ പുരുഷ സഖാക്കള്‍ നടത്തുന്ന മാനസിക പീഡനത്തിന്റെയും അസഭ്യം പറഞ്ഞ് അപമാനിക്കുന്നതിന്റെയും വിവരങ്ങള്‍ സമൂഹമാധ്യമ കുറിപ്പിലൂടെ പുറത്തുവിട്ടത്. മുന്‍ മന്ത്രി ജി. സുധാകരനെ അനുകൂലിക്കുന്നു എന്നതിന്റെ പേരില്‍ താന്‍ നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനങ്ങളാണെന്നും സിപിഎം സസ്ഥാന സെക്രട്ടറിക്കും, ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഷീബ പറയുന്നു.
ജില്ലാ കമ്മറ്റിയംഗം അസഭ്യം പറഞ്ഞതും, എച്ച്. സലാം എംഎല്‍എയുടെ വിഭാഗം മാനസികപീഡനം നടത്തിയതും കുറിപ്പിലുണ്ട്. ഗതികെട്ട് ഒരു ജനപ്രതിനിധിയുടെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും ഷീബ പങ്കുവെക്കുന്നു
സമൂഹമാധ്യമ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
”കഴിവേറീടെ മോളെ’എന്ന് വിളിച്ച ജില്ലാ കമ്മറ്റി അംഗം ഉള്ള പാര്‍ട്ടിയില്‍ നിന്നും ഇപ്പോഴും ഭീഷണിയുണ്ട്… 2024 ജനുവരി നാല് വരെ ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി കൊണ്ടിരുന്ന പാര്‍ട്ടിയംഗവും ജനപ്രതിനിധിയുമായ ആളുടെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തിയ ശേഷമാണ് ബ്ലോക്കിലെ കമ്മിറ്റികള്‍ പോലും നേരെ നടക്കാന്‍ തുടങ്ങിയത്. (ചേതന/കരുമാടി സൊസൈറ്റി/കാക്കാഴം സര്‍വ്വീസ് സഹകരണ ബാങ്ക് പുനര്‍ നിര്‍മ്മാണം/പാര്‍ട്ടി ആഫീസ് നിര്‍മ്മാണ ഫണ്ട്…). ഏതിലാണ് അഴിമതി ഇല്ലാത്തത്.
ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. എനിക്ക് നഷ്ടങ്ങള്‍ മാത്രമെ ഉണ്ടാകൂ എന്നറിയാം… ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗവും, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഏരിയ കമ്മിറ്റി അംഗവും മേഖല സെക്രട്ടറിയും ഒക്കെ ആയിരിക്കുന്ന സമയത്താണ് പാര്‍ട്ടിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായി മത്സരിക്കണമെന്ന് എന്നെ അറിയിക്കുന്നത്… പാര്‍ട്ടി പറഞ്ഞതനുസരിച്ച് മത്സരിക്കുകയായിരുന്നു.
എന്നാല്‍, തുടര്‍ന്ന് ഇങ്ങോട്ട് അമ്പലപ്പുഴയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഗ്രൂപ്പ് കളികളും ഒക്കെ മാറിമറിയുകയും ഇതൊന്നും അറിയാത്ത ഞാന്‍ അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറുകയും ആയിരുന്നു. മുന്‍ മന്ത്രിയായിരുന്ന ജി. സുധാകരന്‍ സാറാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത് എന്ന വൈരാഗ്യത്തില്‍ പാര്‍ട്ടിയിലെ നിലവിലെ എംഎല്‍എ എച്ച്. സലാം വിഭാഗം എനിക്കെതിരെ കടുത്ത മാനസിക, വൈകാരിക പീഡനങ്ങള്‍ അഴിച്ചുവിടുകയായിരുന്നു… എന്നെ പരിഹസിക്കുകയും, വാസ്തവവിരുദ്ധമായ നുണകള്‍ പ്രചരിപ്പിക്കുകയും, വളരെ രൂക്ഷമായ ഭാഷയില്‍ എന്നെ അകാരണമായി ശകാരിച്ചു വന്നിരുന്നതും ആകുന്നു.
20/02/2022 ല്‍ ഞാനെന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പദ്ധതി നിര്‍വഹണത്തിന്റെ നിര്‍ണായക ഘട്ടമായതിനാല്‍… 13-ാം ദിവസം തന്നെ ഞാന്‍ തിരികെ ബ്ലോക്ക് പഞ്ചായത്തിലേക്ക് എന്റെ ചുമതലയിലേക്ക് വന്നിട്ടുള്ളതും ആകുന്നു. എന്നാല്‍ ഞാന്‍ ലീവെടുക്കാതെ തിരികെ വന്നത് ഏതോ ഗൂഢാലോചനയുടെ പേരിലാണെന്ന് പറഞ്ഞ് പാര്‍ട്ടി അടിയന്തര കമ്മിറ്റി വിളിച്ചിട്ടുള്ളതും അന്നും എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുള്ളതും ആകുന്നു. എന്നാല്‍ തിരുവനന്തപുരം മേയര്‍ പ്രസവശേഷം ഒന്നരമാസം കഴിഞ്ഞ് തന്റെ ചുമതലയിലേക്ക് പ്രവേശിച്ചപ്പോള്‍ പത്രമാധ്യമങ്ങള്‍ അടക്കം സഖാവിനെ അഭിനന്ദിച്ചു. എങ്കിലും എനിക്ക് നമ്മുടെ പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും ഒരു പുരോഗമന പാര്‍ട്ടിക്ക് ചേരാത്തതുമായ പ്രതികരണമാണ്. ടി അടിയന്തര കമ്മറ്റിയുടെ മിനിറ്റ്സ് എഴുതിയ ബുക്ക് ഉള്‍പ്പെടെ പിന്നീട് അവര്‍ ഒളിപ്പിച്ചിട്ടുള്ളതും ആകുന്നു.
സഖാവ് — ന്റെ മുഖത്ത് അറിയാതെയെങ്കിലും നോക്കിയിട്ടുണ്ടെങ്കില്‍ എന്നെ പതിഞ്ഞ ശബ്ദത്തില്‍ വളരെ മോശമായ തെറികള്‍ വിളിക്കുന്നത് ശീലമാക്കി വന്നിരുന്നതും ആകുന്നു. മറ്റുള്ളവരുടെ ഇടയില്‍ ഇരുന്ന് പരസ്യമായി … എന്നെ തെറി വിളിക്കുന്നത് പാര്‍ട്ടിയില്‍ പാട്ടാണ്. എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടി ആയി അമ്പലപ്പുഴയിലെ പാര്‍ട്ടിയെ ഇവര്‍ മാറ്റിതീര്‍ത്തിരിക്കുകയാണ്.
നല്ല സഖാക്കളെ ഗ്രൂപ്പിസത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും തങ്ങള്‍ക്കും, മക്കള്‍ക്കും, ബന്ധുക്കള്‍ക്കും ജോലിക്ക് വേണ്ടി മാത്രം പാര്‍ട്ടിയില്‍ ചേക്കേറിയിരിക്കുന്ന നേതാക്കന്മാരുടെ ശിങ്കിടികളെ വെച്ചു മാത്രം മുന്നോട്ടുപോകുന്ന പാര്‍ട്ടിയായി അമ്പലപ്പുഴയിലെ പാര്‍ട്ടി മാറിയിരിക്കുന്നു. ഒരു സ്ത്രീയായ, അഭിഭാഷകയായ എനിക്ക് പോലും അതിജീവിക്കാനാവാത്ത വിധം കുത്തഴിഞ്ഞ രാഷ്‌ട്രീയ കീഴ്‌വഴക്കങ്ങളാണ് ഇവിടെ ഉടലെടുത്തു വരുന്നത്… തുടങ്ങി പാര്‍ട്ടിയിലെ നേതാക്കളുടെ സ്ത്രീവിരുദ്ധത ഷീബ തുറന്നുകാട്ടുന്നു.
















