‘കാന്താര: ചാപ്റ്റർ 1’ സിനിമയിൽ ദൈവ കോലത്തെ അപമാനിച്ച കേസിൽ ബോളിവുഡ് നടൻ രൺവീർ സിംഗ് ക്ഷമാപണം നടത്തണമെന്ന് കർണാടക ഹൈക്കോടതി. കഴിഞ്ഞ വർഷം ഗോവ സർക്കാർ സംഘടിപ്പിച്ച 56-ാമത് ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്‌ക്കിടെ ‘കാന്താര: ചാപ്റ്റർ 1’ എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ അനുകരിച്ചതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രൺവീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ പ്രവൃത്തികൾക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രൺവീർ സിംഗ് കർണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിർദ്ദേശങ്ങൾക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. നടനെതിരെയുള്ള നിർബന്ധിത നടപടികൾ സ്റ്റേ ചെയ്യുന്നതിനിടെ, ഒരു സെലിബ്രിറ്റി ആയതിനാൽ ഒരു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ നടന് കഴിയില്ലെന്നും, പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ, അദ്ദേഹം തന്റെ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി വാമൊഴിയായി പരാമർശിച്ചിരുന്നു.
വാദം കേൾക്കുന്നതിനിടെ, പരാതിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്, സിങ്ങിന്റെ ഭാര്യ ദീപിക പദുക്കോൺ കർണാടകയിൽ നിന്നുള്ളയാളാണെന്നാണ്. പ്രാദേശിക മതവികാരങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടാകണമെന്ന് അവർ വാദിച്ചു. പരിപാടിയിലെ മിമിക്രി നിർത്താൻ സിങ്ങിനോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും അവർ അവകാശപ്പെട്ടു. മറുപടിയായി, നടൻ “വളരെ വളരെ ശ്രദ്ധാലുവായിരിക്കണമായിരുന്നു” എന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ആദ്യ ഭാഗത്തിന്റെ വ്യജയം രണ്ടാം ഭാഗത്തിലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ്.














