പുണെ(മഹാരാഷ്‌ട്ര): ജനങ്ങളിലൂടെയുള്ള സാമാജിക പരിവര്‍ത്തനത്തിന്റെ പ്രക്രിയയുടെ പേരാണ് സംഘമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഹിന്ദു സമൂഹത്തിന്റെ പോരായ്‌മകള്‍ക്കുള്ള സമ്പൂര്‍ണ പരിഹാരമായാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ സംഘം സ്ഥാപിച്ചത്. സമഗ്രമായ സാമൂഹിക മാറ്റത്തിനുള്ള പ്രക്രിയ സ്വാഭാവികവും ലളിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.
നാനാ ഥിടെ സഭാഗൃഹത്തില്‍ ‘രാഷ്‌ട്രീയ സ്വയംസേവക സംഘം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് ക്ഷീരസാഗര്‍, അരുണ്‍ കര്‍മാര്‍ക്കര്‍, ദിലീപ് കരംബ്ലേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം രചിച്ചത്.രാഷ്‌ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുക മാത്രമായിരുന്നു ഡോക്ടര്‍ജിയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹം രാഷ്‌ട്രീയ പാര്‍ട്ടി സ്ഥാപിക്കുമായിരുന്നു. എന്നാല്‍ വ്യക്തിനിര്‍മ്മാണത്തിലൂടെ ഒരു ആദര്‍ശ സമൂഹം കെട്ടിപ്പടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിന് സ്വഭാവഗുണമുള്ള ആളുകളെ സൃഷ്ടിച്ചാല്‍ മാത്രം പോരാ; മറിച്ച്, അവരെ സംഘടിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ടാണ് സംഘം സ്ഥാപിതമായത്. സംഘത്തെ മനസിലാക്കേണ്ടത് പ്രസംഗങ്ങളിലൂടെയല്ല, സാധാരണ സ്വയംസേവകരുടെ പെരുമാറ്റത്തിലൂടെയാണെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
പ്രമുഖ ചിന്തകന്‍ പദ്മശ്രീ ഗിരീഷ് പ്രഭുണെ, എഴുത്തുകാരന്‍ അരുണ്‍ കര്‍മാര്‍കര്‍, ഭാരതീയ വിചാര സാധന പ്രസിഡന്റ് ഡോ. ഗിരീഷ് അഫ്ലെ, സെക്രട്ടറി കാശിനാഥ് ദിയോധര്‍ എന്നിവര്‍ പങ്കെടുത്തു.
















