പത്തനംതിട്ട:ശബരിമല സ്വര്‍ണകൊള്ളയില്‍ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി രണ്ടും ഒരുമിച്ച് പരിഗണിക്കാനായി മാറ്റി. കണ്ഠര് രാജീവര്‍ക്ക് ദ്വാരപാലക പാളി കേസില്‍ സുപ്രധാനമായ പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഡിജിറ്റലായും മൊഴികളായും രാജീവരരും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധത്തിന് തെളിവുകളുണ്ട് എന്നും അപ്പീലില്‍ പറയുന്നു. അറസ്റ്റിലായി 41ാം ദിവസം ജാമ്യം കൊടുത്തതിനെതിരെയാണ് അപ്പീല്‍.
തന്ത്രിയുടെ അനുജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കള്‍ പുറത്തു കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്ന് തന്ത്രിക്ക് അറിയാം.ഈ കാര്യങ്ങളൊന്നും തന്നെ കീഴ്‌ക്കോടതി പരിശോധിക്കാതെയാണ് തെളിവിന്റെ കണികയില്ലെന്ന് പറഞ്ഞ് ജാമ്യം നല്‍കിയതെന്നാണ് രണ്ടാം കേസിലും പറയുന്നത്. ദ്വാരപാലക പാളി കേസിലെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് കട്ടിളപ്പാളി കേസില്‍ കൂടി അപ്പീല്‍ നല്‍കിയത്. ഈ കേസിലെ ജാമ്യം കൂടി റദ്ദാക്കണമെന്നാണ് ആവശ്യം.
















