ന്യൂഡൽഹി : മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് ആ മതം സജീവമായി ആചരിക്കുന്ന ഒരാൾക്ക് പട്ടികജാതി സമൂഹത്തിൽ അംഗമായി തുടരാൻ കഴിയില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയല്ലാതെ മറ്റൊരു മതം ആചരിക്കുന്ന വ്യക്തിയെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവനായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മറ്റേതെങ്കിലും മതത്തിലേക്കുള്ള പരിവർത്തനം പട്ടികജാതി പദവി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. 1950-ലെ ഉത്തരവിലെ ക്ലോസ് 3-ൽ വ്യക്തമാക്കിയിട്ടില്ലാത്ത ഏതെങ്കിലും മതത്തിലേക്ക് പരിവർത്തനം ചെയ്താൽ, ജനനം പരിഗണിക്കാതെ തന്നെ, പട്ടികജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
“ഭരണഘടന പ്രകാരമോ പാർലമെന്റ് നിയമനിർമ്മാണത്തിലൂടെയോ സംസ്ഥാന നിയമസഭയുടെയോ നിയമനിർമ്മാണത്തിലൂടെയോ ഉള്ള നിയമപരമായ ആനുകൂല്യങ്ങളോ സംരക്ഷണമോ സംവരണമോ അവകാശമോ അവകാശപ്പെടാനോ വ്യാപിപ്പിക്കാനോ പിന്നൂട് കഴിയില്ല. ഇത് വ്യക്തമാണ്, ഇതിൻലേമുള്ള ഒരു അപവാദവും അംഗീകരിക്കുന്നില്ല.ക്ലോസ് 3 ൽ വ്യക്തമാക്കിയിട്ടുള്ള മതം ഒഴികെയുള്ള ഒരു മതം ഒരേസമയം ആചരിക്കാനും പട്ടികജാതി അംഗത്വം അവകാശപ്പെടാനും ഒരു വ്യക്തിക്ക് കഴിയില്ല“ കോടതി ഉത്തരവിൽ പറയുന്നു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് പാസ്റ്ററായി പ്രവർത്തിച്ച വ്യക്തിയാണ് തന്നെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ചില വ്യക്തികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് ഫയൽ ചെയ്തത് . ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് പാസാക്കിയത്. എസ്‌സി & എസ്ടി നിയമപ്രകാരമുള്ള സംരക്ഷണമാണ് പാസ്റ്റർ അവകാശപ്പെട്ടത്. എന്നാൽ ഇത് നൽകേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്നതിൽ നിന്ന് പാസ്റ്ററെ കോടതി വിലക്കി . ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പരാതിക്കാരൻ എസ്‌സി, എസ്ടി നിയമം ചുമത്തണമെന്ന് ആവശ്യപ്പെട്ട നൽകിയ കേസ് ഹൈക്കോടതി ജസ്റ്റിസ് ഹരിനാഥ് എൻ റദ്ദാക്കിയിരുന്നു. ഇതിനെതിരെ പാസ്റ്റർ ഒരു പ്രത്യേക ഹർജി ഫയൽ ചെയ്തു.ഇതിലാണ് സുപ്രീം കോടയുടെ നിർണ്ണായക ഇടപെടൽ.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് പാസ്റ്ററായി ജോലി ചെയ്തിരുന്നതിനാൽ, പട്ടികജാതി സമുദായത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെടാൻ അദ്ദേഹത്തിന് കഴിയില്ല എന്നതിനാൽ, എസ്‌സി & എസ്ടി നിയമപ്രകാരമുള്ള എഫ്‌ഐആർ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
















