കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് കർശന മുന്നറിയിപ്പ് നൽകി. രാഷ്‌ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ടെന്നും, നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് റാലികൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനോ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും കുട്ടികളെ ഉപയോഗിക്കാനോ പാടില്ല. രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും ചിഹ്നങ്ങളും കൊടികളും പ്രദർശിപ്പിക്കുന്നതും നിരോധനത്തിന്റെ പരിധിയിൽ വരും. പ്രചാരണ വേളയിൽ കുട്ടികളെ കൈകളിൽ എടുക്കുന്നതോ വാഹനങ്ങളിൽ ഒപ്പം ഇരുത്തുന്നതോ തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കും. കുട്ടികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഇത്തരം പ്രവണതകൾ തടയാൻ ജില്ലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
















