വാഷിംഗ്ടൺ: അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ എണ്ണവിലയില്‍ പത്ത് ശതമാനം ഇടിവ്. അമേരിക്കന്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 89 ഡോളറായി താഴ്ന്നു. അതേ സമയം അന്താരാഷ്‌ട്ര എണ്ണവിലയാകട്ടെ ബാരലിന് 100 ഡോളര്‍ ആയി മാറി.
ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും വൈദ്യുതിശൃംഖല തകര്‍ക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ലോകത്തെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഇതോടെ എണ്ണവില ബാരലിന് 180 ഡോളര്‍ വരെ ആയി ഉയരുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ആ ഭീതിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ഇല്ലാതായത്.
അതേ സമയം ഇസ്രയേല്‍ തിങ്കളാഴ്ച വീണ്ടും ടെഹ്റാനില്‍ ബോംബാക്രമണം നടത്തിയത് അല്‍പം ആശങ്ക ഉളവാക്കുന്നു.എന്തായാലും ഇറാനോട് എണ്ണവില്‍പന നടത്തിക്കൊള്ളാന്‍ അമേരിക്ക അനുമതി നല്‍കിയതും ഇറാന് വലിയ ആശ്വാസമായിരിക്കുകയാണ്. ഈ ഇറാന്‍ എണ്ണവാങ്ങാനുള്ള നീക്കം ഇന്ത്യയില്‍ സജീവമായി നടക്കുന്നുണ്ട്.
ഇറാനുമായി ചര്‍ച്ച നടക്കുകയാണെന്നും ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് തല്‍ക്കാലം പിന്മാറുന്നുവെന്നും ആണ് ട്രംപ് പ്രഖ്യാപിച്ചത്. പക്ഷെ ഇത് ഇറാന്‍ പാടെ നിഷേധിച്ചു. അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ഇറാന്‍ വക്താവ് പറഞ്ഞത്.
അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതോടെ സ്വര്‍ണവില തിരിച്ചുകയറി. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഇറാനെതിരായ ആക്രമണം നിര്‍ത്തിയേക്കുമെന്ന സൂചനയാണ് ട്രംപിന്റെ പുതിയ കുറിപ്പില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
















