പാലക്കാട്: ജില്ലയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയില്‍ അംഗമായത്.ഷൊര്‍ണൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും പങ്കിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ജയലക്ഷ്മി പറഞ്ഞു.
ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറി. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് ജയലക്ഷ്മി പറയുന്നത്. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്‌ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു.
തന്റെ മകളുടെ വിവാഹ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചതെന്ന് സുരേഷ്‌ഗോപി പറഞ്ഞു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്‌ട്രീയ മത്സരം ഉണ്ടായിരുന്നു. എന്നാല്‍ കരുണാകരന്റെ കുടുംബത്തെ അവര്‍ അധിക്ഷേപിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയ രാഷ്‌ട്രീയ നെറികേടിന് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചടി നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഷൊര്‍ണൂരില്‍ ബിജെപി സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
















