ഇരിങ്ങാലക്കുട ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും ഹിന്ദു സംഘടനാ സാരഥിയുമായിരുന്ന അഡ്വ. രമേശ് കൂട്ടാല യാത്രയായി. ഹിന്ദു ഐക്യവേദിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുമ്പോള്‍ ഇരിങ്ങാലക്കുട സംഘ ജില്ലയുടെ പ്രസിഡന്റായിട്ടായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് വിവിധ ചുമതലകള്‍ വഹിച്ചു. നിലവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ക്കവെയാണ് അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും വീണ്ടും കൈവിട്ടുപോയി. ചെറുപ്പം മുതലേ സംഘസ്വയംസേവകനായിരുന്ന അദ്ദേഹം മണ്ഡല്‍ കാര്യവാഹായും പഠനകാലത്ത് .ബി.വി.പി.യിലും പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ ധാരാളം മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. തന്റെ ഭവനത്തില്‍ പല കാര്യകര്‍ത്താക്കള്‍ക്കും അദ്ദേഹം ആതിഥ്യമരുളി. മരണത്തിന്റെ തലേദിവസവും സഹധര്‍മ്മിണിയായ സംഗീതയും മക്കളായ സൂര്യഗായത്രിയും (എല്‍.എല്‍.ബി., ബാംഗ്ലൂര്‍), ആദിത്യനും (ബി.സി.എ., ബാംഗ്ലൂര്‍) ഒരുമിച്ചിരിക്കുമ്പോള്‍ ജെ. നന്ദേട്ടന്‍, കെ. കൃഷ്ണന്‍കുട്ടിയേട്ടന്‍, കുമ്മനം രാജേട്ടന്‍ ഇവരെയൊക്കെ ഒന്ന് കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി. പാസ്സായി ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി തുടര്‍ന്ന അഭിഭാഷകവൃത്തിയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴാണ് അസുഖം ബാധിച്ചത്. കൂടല്‍മാണിക്യ ക്ഷേത്രഭൂമി വിമോചന സമരത്തിന്റെ ഭാഗമായി രൂപീകരിച്ച കൂടല്‍മാണിക്യ ക്ഷേത്രരക്ഷാസമിതിയുടേയും പിന്നീട് നിലവില്‍ വന്ന ഹൈന്ദവ രക്ഷാസമിതിയുടേയും പ്രധാന ചുമതലകളില്‍, എല്ലാവരും സ്‌നേഹപൂര്‍വ്വം ‘കൂട്ടാല’ എന്ന് വിളിക്കുന്ന രമേശ് കൂട്ടാല ഉണ്ടായിരുന്നു.
‘കച്ചേരി വളപ്പ്’ എന്നറിയപ്പെടുന്ന 1 ഏക്കര്‍ 42 സെന്റ് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഇരിങ്ങാലക്കുടയിലെ എല്ലാ ഹൈന്ദവ സംഘടനകളും കൈകോര്‍ത്തപ്പോള്‍ അതിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാള്‍ കൂട്ടാലയായിരുന്നു. ഇരിങ്ങാലക്കുടയില്‍ പിന്നീടുണ്ടായ ഹിന്ദുത്വ രാഷ്‌ട്രീയ വളര്‍ച്ചയുടെ അടിത്തറ പാകിയ സമരമായിരുന്നു കച്ചേരി വളപ്പ് വിമോചന സമരം. ഏതാണ്ട് ഏഴ് വര്‍ഷക്കാലത്തെ സംഘടനാപരവും നിയമപരവുമായ നീക്കങ്ങളിലൂടെ സമരം വിജയത്തിലെത്തി. മൂര്‍ക്കനാട് ക്ഷേത്രഭൂമി സംരക്ഷണ പ്രക്ഷോഭത്തിലും കൂട്ടാലയുടെ ഇടപെടലുകള്‍ നിയമപരമായ മുന്നേറ്റം സാധ്യമാക്കി. തൃശ്ശൂര്‍ ജില്ലയില്‍ നടന്ന പല ഹൈന്ദവ പ്രക്ഷോഭങ്ങളിലും അഭിഭാഷകന്‍ എന്ന നിലയിലും സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.
പ്രഭാഷകന്‍, സംഘടനാ പ്രവര്‍ത്തകന്‍, സ്‌നേഹസമ്പന്നന്‍, സാമൂഹ്യ സേവകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു കൂട്ടാലയുടേത്. കറുത്ത ഗൗണിനുള്ളിലെ അദ്ദേഹത്തിന്റെ മനസ്സും ചിന്തയും ഒരിക്കലും കറുത്തതായിരുന്നില്ല, വെറുപ്പിന്റേതുമായിരുന്നില്ല. മറിച്ച്, ഉള്ളില്‍ ധരിച്ചിരിക്കുന്ന തൂവെള്ള വസ്ത്രം പോലെ നന്മ നിറഞ്ഞതായിരുന്നു.
മനുഷ്യജീവിതത്തില്‍ 55 വയസ്സ് എന്നത് വലിയൊരു പ്രായമല്ല. ഭഗവാന്‍ കനിഞ്ഞിരുന്നുവെങ്കില്‍ ഇനിയും എത്രയോ വര്‍ഷം ജീവിക്കാമായിരുന്നു, സമൂഹത്തിനായി എത്രയോ നന്മകള്‍ ചെയ്യാമായിരുന്നു. കാലചക്രം തിരിയുമ്പോള്‍ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ട് മടങ്ങുക എന്നത് കാലത്തിന്റെ അനിവാര്യതയായിരിക്കാം. ജീവിതത്തിലെ ഏതൊരു നിയോഗവും നമുക്ക് സന്തോഷമുണ്ടാക്കുന്നതാണ്, പക്ഷേ വിയോഗമാവട്ടെ ദുഃഖമുളവാക്കുന്നതും.
അഡ്വ. രമേശ് കൂട്ടാലയ്‌ക്ക് പ്രണാമങ്ങള്‍.











