തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലുള്‍പ്പെടെ മൂന്ന് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. മലപ്പുറത്തെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫ മത്സരിക്കും.
താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും ജനവിധി തേടും. കാസര്‍കോട് ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി.
വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് താനൂരിലെ സ്ഥാനാര്‍ത്ഥി പി മുഹമ്മദ് സമീര്‍.താനൂരിലും വള്ളിക്കുന്നിലും ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിരുന്നില്ല.
മന്ത്രി വി അബ്ദുറഹ്മാന്‍ താനൂര്‍ ഒഴിവാക്കി തിരൂരില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് താനൂരില്‍ ഒഴിവ് വന്നത്.നാഷണല്‍ ലീഗിന് നല്‍കിയ വള്ളിക്കുന്ന് സീറ്റിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. താനൂരിലും വള്ളിക്കുന്നിലും ചില ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ സിപിഎം സമീപിച്ചിരുന്നു. അതിനിടെ, മങ്കടയില്‍ ലീഗ് വിമതന്‍ കുന്നത്ത് മുഹമ്മദ് നാമനിര്‍ദ്ദേശപത്രിക നല്‍കി. ഈ സാഹചര്യത്തില്‍ മങ്കടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംപി അലവിയെ മാറ്റി മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ സിപിഎം നീക്കം തുടങ്ങി.
















