തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ പുറമേ ശാന്തമെങ്കിലും അകം പുകയുകയാണ് ഇടത്, വലത് മുന്നണികളില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്ന ഭയം. ഇടതിലേയും വലതിലേയും പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു. ഗ്രൂപ്പ് ലീഡര്‍മാര്‍ തമ്മില്‍ വെട്ടും മറുവെട്ടുമായപ്പോള്‍ പതിവിനേക്കാള്‍ ഭിന്നതയാണ് കോണ്‍ഗ്രസില്‍.
വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരുഭാഗത്ത് പിടിമുറുക്കിയപ്പോള്‍ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും മറുഭാഗത്ത് നിലകൊണ്ടു. രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയാറായതുമില്ല. എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശിനും എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും വേണ്ടി രമേശ് ചെന്നിത്തല ശക്തമായി വാദിച്ചെങ്കിലും മറുഭാഗം വെട്ടിനിരത്തി. ഇതോടെ കണ്ണൂരിലും പത്തനംതിട്ടയിലും പെരുമ്പാവൂരിലും കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. കോന്നിയില്‍ എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്ന് അടൂര്‍ പ്രകാശും തുടര്‍ ഭരണം തള്ളിക്കളയാനാകില്ലെന്ന് സുധാകരനും പ്രഖ്യാപിച്ചു. എല്‍ദോസ് കുന്നപ്പിള്ളിക്കും ദീപ്തി മേരി വര്‍ഗീസിനും സീറ്റ് നല്കാത്തതിനാല്‍ സഭാ നേതൃത്വവും പ്രതിഷേധത്തിലാണ്. ദീപ്തി മേരി വര്‍ഗീസ് പോസ്റ്ററും പ്രിന്റ് ചെയ്തു. അച്ചടിച്ച ഒരു ലക്ഷം പോസ്റ്റര്‍ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ജോസഫ് വാഴയ്‌ക്കന്‍. ഏറ്റുമാനൂരില്‍ സീറ്റ് നല്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ഫ്‌ളക്‌സും പോസ്റ്ററും പ്രിന്റ് ചെയ്തത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിക്കൊരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിച്ചു. എന്നാല്‍ അമര്‍ഷം പുകയുന്നുണ്ട്. കുട്ടനാട് സീറ്റ് വിറ്റെന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫും ജനറല്‍ സെക്രട്ടറി കെ. ഗോപകുമാറും രാജിവച്ചു. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ രണ്ടത്താണിയും വനിതാലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദും തുടക്കമിട്ട പ്രതിഷേധം ലീഗിലാകെ വ്യാപിച്ചു കഴിഞ്ഞു.
രക്തസാക്ഷി ഫണ്ടില്‍ തുടങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ സിപിഎമ്മിലും കലാപം. മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം സംഭവിച്ചതാണ് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ട രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലര്‍ക്കും സീറ്റ് നല്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കടുത്ത ആരോപണങ്ങളാണ് അണികളില്‍ നിന്നുയരുന്നത്. കെ.കെ. ശൈലജയെ ഒതുക്കാന്‍ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റി. എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്ക് തളിപ്പറമ്പില്‍ സീറ്റ് നല്കി. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിടുകയും ചെയ്തു.
സ്പീക്കര്‍ എ.എന്‍. ഷംസീറിന് സീറ്റ് നല്കയതുമില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇടഞ്ഞതിനാലും നിയമസഭയില്‍ പലപ്പോഴും പ്രതിപക്ഷത്തെ സഹായിച്ചതിനാലുമാണ് സീറ്റ് നല്കാത്തത്. ആലപ്പുഴയില്‍ ജി. സുധാകരന്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചാണ് പാര്‍ട്ടി വിട്ടത്. എം.വി. ഗോവിന്ദനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പാലക്കാട് പി. ശശിയും പാര്‍ട്ടി വിട്ട് യുഡിഎഫ് ക്യാമ്പിലെത്തി. പി. ജയരാജന് ഇക്കുറിയും സീറ്റ് നല്കിയില്ല. ഇ.പി. ജയരാജനെ പലപ്പോഴും അപകീര്‍ത്തിപ്പെടുത്താന്‍ എം.വി. ഗോവിന്ദന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എം.വി. ശ്രേയാംസ് കുമാറിന്റെ രാഷ്‌ട്രീയ ജനതാദളിനെ സിപിഎം കബളിപ്പിച്ചെന്ന് ആരോപിച്ച് മുന്‍ മന്ത്രിയടക്കം പാര്‍ട്ടി വിട്ടു.
















