തിരുവനന്തപുരം:പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യന്‍ (22), ഒപ്പമുണ്ടായിരുന്ന കാട്ടാക്കട കൊറ്റന്‍കുഴി തൊഴുക്കല്‍കോണം എസ്ജെ നിവാസില്‍ ജൂലി ഇഗ്‌നേഷ്യസ് (20) എന്നിവരാണ് മരിച്ചത്.
ദേശീയ കബഡിതാരവും രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയുമായ ജൂലി പിരപ്പന്‍കോടുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
പിരപ്പന്‍കോട് – വെഞ്ഞാറമൂട് റിംഗ് റോഡില്‍ പിരപ്പന്‍കോടിന് സമീപം കുന്നത്തുനടയില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ പാറയുമായി എത്തിയ ടോറസ് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. കാറും ബൈക്കും പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരികയായിരുന്നു.ലോറി ഡ്രൈവര്‍ അപകടമുണ്ടായ ഉടന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
















