തിരുവനന്തപുരം: കാലാവധി അവസാനിക്കും മുമ്പ് അഞ്ച് സുപ്രധാന നിയമനങ്ങള്‍ക്കുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകാരം നല്‍കിയില്ല. മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്ഥാപനങ്ങളിലെ ഓംബുഡ്‌സ്മാനായി നിയമിക്കാനുള്ള ശിപാര്‍ശ ഉള്‍പ്പെടെയുള്ളവ ഇതില്‍പ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടിയുള്ള ലോകായുക്ത ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി ഉത്തരവിറക്കിയെന്ന പരാതിയും ബാബു മാത്യു പി. ജോസഫിനെതിരേയുണ്ട്.
പിഎസ്‌സി അംഗങ്ങളായി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്ന കോണ്‍ഗ്രസ് എസ് പ്രതിനിധി ഐ. ശിഹാബ്ദീന്‍, സിപിഐ പ്രതിനിധി അജയകുമാര്‍ എന്നിവരുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഉയര്‍ന്ന യോഗ്യതയുള്ളവരെ ഒഴിവാക്കിയെന്ന പരാതിയെത്തുടര്‍ന്നാണിത്. സംസ്ഥാന വിവരാവകാശ കമ്മിഷണറായി അഡ്വ. ഹരിലാലിനെ നിയമിക്കാനുള്ള ശിപാര്‍ശയും അംഗീകരിക്കാത്തവയില്‍പ്പെടും. തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ചട്ടവിരുദ്ധമാണെന്ന പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിലവിലെ നിയമ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ജി. സനല്‍ കുമാറിനെ നിയമിക്കാനുള്ള ശിപാര്‍ശയും അംഗീകരിച്ചില്ല.
ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന പുതിയ സര്‍ക്കാര്‍ വീണ്ടും നിയമന ശിപാര്‍ശ നല്‍കേണ്ടി വരും. അടുത്ത സര്‍ക്കാരിന് വേണമെങ്കില്‍ പുതിയ നിയമനങ്ങള്‍ നടത്താനുമാകും. 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായി അഞ്ചു പേരെ നിയമിക്കാനുള്ള ശിപാര്‍ശ അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അംഗീകരിച്ചിരുന്നില്ല. പിന്നീട് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരാണ് ഈ നിയമനങ്ങള്‍ നടത്തിയത്.
















