ടെഹ്റാൻ : രാജ്യത്തിന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ കൊലപ്പെടുത്തിയതു കൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഇസ്രായേൽ കരുതേണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ‘അല്‍ ജസീറ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലാരിജാനി കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു അഭിമുഖം.
ഏതെങ്കിലുമൊരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ഇറാന്‍ ഭരണകൂടം നിലനില്‍ക്കുന്നതെന്ന് അമേരിക്കയും ഇസ്രായേലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരു രാഷ്‌ട്രങ്ങളും ഇത് മനസ്സിലാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇറാന് ദൃഢമായ രാഷ്‌ട്രീയ-സാമ്പത്തിക ഘടനയുണ്ട്. ഏതെങ്കിലുമൊരു വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ അതിനെ പ്രതികൂലമായി ബാധിക്കില്ല.
അതേസമയം, പല വ്യക്തികളും ജനസ്വാധീനമുള്ളവരും ശക്തരുമായിരിക്കും. അവരോരുത്തരും തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുകയും ചെയ്യും. ചിലര്‍ കൂടുതലായി ചെയ്യും, ചിലര്‍ കുറച്ചും. എന്നാല്‍, ഇറാന് ഏറെ ഉറപ്പുള്ള ഒരു രാഷ്‌ട്രീയ സംവിധാനമുണ്ടെന്നതാണ് കാര്യം.’- അരാഗ്ചി പറഞ്ഞു.
നേരത്തെ ദേശീയമായ വന്‍ നഷ്ടങ്ങള്‍ സംഭവിച്ചാലും സംവിധാനം മുന്നോട്ടു പോകുമെന്ന് ഫെബ്രുവരി 28നുണ്ടായ യു എസ്-ഇസ്രായേൽ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി കൊല്ലപ്പെട്ടതിനെ പരാമര്‍ശിക്കവേ അരാഗ്ചി പറഞ്ഞിരുന്നു.
















