കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസില്‍ തുടര്‍ നടപടികള്‍ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി നാല് മാസത്തേക്ക് നീട്ടി. നേരത്തെ, കോടതി വിഷയം മധ്യസ്ഥതക്ക് വിട്ടിരുന്നു, എന്നാല്‍, വിജയിച്ചില്ലെന്ന് മധ്യസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. അതനുസരിച്ച് കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ജസ്റ്റിസ് സി. എസ്. ഡയസിന്റെ ബെഞ്ച് കേസ് വിശദമായ വാദം കേള്‍ക്കലിനായി മാറ്റി. തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിനും ഷൈനും സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി പരിഗണിക്കുകയായിരുന്നു. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1.90 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് തലയോലപ്പറമ്പ് സ്വദേശി പി. എസ്. ഷംനാസ് സമര്‍പ്പിച്ച പരാതിയിലാണ് കേസ്. സിനിമയുടെ നിര്‍മ്മാണത്തില്‍ 1.90 കോടി രൂപ നിക്ഷേപിച്ചതായും എന്നാല്‍ പിന്നീട് ബജറ്റ് സംബന്ധിച്ച് തര്‍ക്കം ഉണ്ടായതായും ഷംനാസ് തന്റെ പരാതിയില്‍ പറഞ്ഞു. അതേസമയം തന്റെ പേരില്‍ നല്‍കിയതായി പറയപ്പെടുന്ന വ്യാജ കത്ത് ഉപയോഗിച്ചാണ് ഷംനാസ് ചിത്രത്തിന്റെ ടൈറ്റില്‍ രജിസ്ട്രേഷന്‍ നേടിയതെന്ന് ആരോപിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഷംനാസിനെതിരെ നിവിന്‍ പോളി പരാതി നല്‍കിയിട്ടുണ്ട്.











