ന്യൂദല്‍ഹി: രാഷ്‌ട്രകവി രാംധാരി സിങ് ദിനകര്‍ സ്മൃതി ന്യാസ് ഏര്‍പ്പെടുത്തിയ അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ഇന്‍ഡസ് സ്‌ക്രോള്‍സ് ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് സ്ഥാപകനുമായ ജി. ശ്രീദത്തന്.
ഭാരതീയ ഭാഷകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വ്യാപനത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 20ന് ന്യൂദല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളി മനോഹര്‍ ജോഷി പുരസ്‌കാരം സമ്മാനിക്കും. 30 വര്‍ഷത്തോളമായി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ശ്രീദത്തന്‍ പയനീര്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഓര്‍ഗനൈസര്‍ എന്നീ മാധ്യമസ്ഥാപങ്ങളിലും ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രസിദ്ധീകരണങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. വെസ്റ്റേണ്‍ പൊളിറ്റിക്കല്‍ തോട്സ് ആന്‍ഡ് തിയറീസ്, ഡബ്ലിങ് ഡ്രീംസ്, പ്രിന്‍സിപ്പല്‍സ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തട്ട സ്വദേശിയാണ് ശ്രീദത്തന്‍. ഭാര്യ: ബിന്ദു ശ്രീദത്തന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, ഫിനാന്‍സ് മിനിസ്ട്രി). മക്കള്‍: ഗൗരി എസ്. നായര്‍, അദിതി എസ്. നായര്‍.











