കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പാര്‍ട്ടിയും തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്‍ ഉറപ്പിച്ച് പറഞ്ഞത് പാര്‍ട്ടി നേതാക്കളെ വെട്ടിലാക്കിയിരുന്നു.എന്നാല്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹം അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്.
അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാപ്പാടന്‍ രമേശന്റെ കുടുംബത്തിനായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കവെ സുധാകരന്‍ വികാരാധീനനായി.മുന്‍പഴയകാല സഹപ്രവര്‍ത്തകനായ രമേശന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടെ അദ്ദേഹം വിതുമ്പി. താന്‍ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടന്‍ രമേശന്റെ കാവല്‍ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളില്‍ നിന്ന് പലപ്പോഴും രക്ഷിച്ചത് അദ്ദേഹമാണ്. വാക്കുകള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാന്‍ കാപ്പാടന്‍ രമേശന്‍ നല്‍കിയ പിന്തുണ വലുതാണെന്നും സുധാകരന്‍ സ്മരിച്ചു.
















