ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മുതലക്കണ്ണീരിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. ‘ദളിതരുടെ മിശിഹയും ഭരണഘടനാ ശില്പിയുമായ അംബേദ്കറിന് കോണ്‍ഗ്രസ് ഒരിക്കലും അര്‍ഹമായ ബഹുമതി നല്‍കിയിട്ടില്ല, അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കിയിട്ടുമില്ല. അതേ പാര്‍ട്ടിക്ക് ഇപ്പോള്‍ എങ്ങനെയാണ് കാന്‍ഷിറാമിനെ ബഹുമാനിക്കാന്‍ കഴിയുകയെന്ന് മായാവതി തന്റെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് കാന്‍ഷി റാമിന്റെ വിയോഗത്തില്‍ ഒരു ദിവസം പോലും ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജവഹര്‍ലാല്‍ നെഹ്റു ജീവിച്ചിരുന്നെങ്കില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപകനായ കാന്‍ഷി റാമിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കുമായിരുന്നുവെന്ന്
രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഖ്നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനില്‍ നടന്ന ‘സംവിധാന്‍ സമ്മേളനത്തില്‍’ പ്രസംഗിക്കവെയായിരുന്നു ഈ പരാമശം. ഇതിനെതിരെയാണ് മായാവതി രംഗത്തു വന്നത്.
















