
തിരുവനന്തപുരം : എം. ആര്‍ അജിത് കുമാറിനെ എക്‌സൈസ് ചുമതലയില്‍ നിന്ന് നീക്കി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവ് പരിഗണിച്ചാണ് തീരുമാനം. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.സംസ്ഥാനത്തെ ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറില്‍ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
എക്‌സൈസ് കമ്മീഷണര്‍, ഐ എം ജി ഡയറക്ടര്‍ സ്ഥാനങ്ങള്‍ ഐഎഎസ് ഉദ്യോസ്ഥര്‍ക്കായി മാത്രം നിജപ്പെടുത്തിയവയാണ്. ഈ പദവികളില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. ഇതാണ് എം. ആര്‍ അജിത് കുമാറിനെ മാറ്റാന്‍ കാരണം.അതേസമയം, ബെവ്‌കോ ചെയര്‍മാന്‍ സ്ഥാനത്ത് എം ആര്‍ അജിത് കുമാര്‍ തുടരും.
പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്ത വിവാദത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. എം.ആര്‍.അജിത് കുമാര്‍ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിനു സര്‍വീസ് ഉള്ളത്. അനധികൃത സ്വത്ത് സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങിയ വിവാദങ്ങളില്‍ അജിത് കുമാര്‍ ഉള്‍പ്പെട്ടിരുന്നു.