പത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ. ഫ്രീസർ തകരാറായതാണ് കാരണം. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടർ വിസമ്മതിച്ചു. അടൂർ സ്വദേശിയായ നാൽപ്പത് വയസുള്ള പ്രദീപിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച പ്രദീപിന്റെ മൃതദേഹം ഇന്നലെയാണ് പോലീസ് അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രദീപിന്റെ ബന്ധുക്കളും ഡോക്ടറും മോർച്ചറിയിൽ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഫ്രീസറിൽ ആവശ്യത്തിന് തണുപ്പില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേത്തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടർ വിസമ്മതിച്ചു. ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ഉച്ചയായിട്ടും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിട്ടില്ല.
അതിനിടെയിൽ മൃതദേഹം പത്തനംതിട്ടയിലേക്ക് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്നും ബന്ധുക്കൾ പറയുന്നു.
















