കൊച്ചി: ചെറായി ബീച്ചില്‍ വൻ രാസലഹരി വേട്ട. റിസോർട്ടില്‍ പരിശോധന നടത്തിയ പോലീസ് സംഘം 42 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർ എത്തിയ രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ ഷിനാസ് (28), പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), മഹാജനവാടി ഷിലാസ് എന്ന് വിളിക്കുന്ന സഫീർ (28), മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പില്‍ എപ്പീർ എന്നു വിളിക്കുന്ന സഫീർ (32) എന്നിവരാണ് അറസ്റ്റിലായത്.
റൂറല്‍ ജില്ലാ ഡാൻസാഫ് ടീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിസോർട്ടില്‍ പരിശോധന നടത്തിയത്. ചെറായി ബീച്ചിന്റെ തെക്കുഭാഗത്തുള്ള റിസോർട്ടില്‍ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. സഫീർ (ഷിലാസ്) ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതാണ് എംഡിഎംഎ. ഇത് ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളില്‍ വില്പന നടത്താനായി തയാറാക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.
നാർക്കോടിക് സെല്‍ ഡിവൈഎസ്പി ജെ. ഉമേഷ്കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, സിഐ കെ.എസ്. സന്ദീപ്, എസ്‌ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















