കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും അതിനാൽ രണ്ട് കേസുകളിലെയും ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി ആവശ്യപ്പെട്ടു.തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും അപ്പീലിൽ പറയുന്നു.
തന്ത്രിക്കെതിരായ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രി കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. 40 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്‌ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് നേരത്തെ കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു.
















