പത്തനംതിട്ട: മലനാടിന്റെ റാണി എന്ന് വിളിപ്പേരുള്ള റാന്നി മണ്ഡലത്തിന്റെ സ്വപ്‌നങ്ങള്‍ ചിറകരിഞ്ഞു വീഴ്‌ത്തിയ ഇടതു – വലതു മുന്നണികളുടെ ക്രൂരത ജനം തിരിച്ചറിഞ്ഞു തുടങ്ങി. റബര്‍ തോട്ടങ്ങള്‍ പച്ചപ്പ് വിരിയിച്ച നാടിന് വികസന സാധ്യത ഏറെയാണെങ്കിലും അവയുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന സമീപനമാണ് യുഡിഎഫും എല്‍ഡ എഫും ഇതുവരെ സ്വീകരിച്ചത്. റബര്‍ വില ഇടിഞ്ഞതോടെ സാമ്പത്തികമായി തളര്‍ന്ന മണ്ഡലത്തില്‍ റബ്ബര്‍ അധിഷ്ടിത വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശം പുറം കാലിന് തൊഴിച്ചെറിഞ്ഞ ജനപ്രതിനിധികള്‍ കുത്തകകള്‍ക്ക്കീഴടങ്ങി. മണ്ഡലത്തിന്റെ സമ്പൂര്‍ണ സാമൂഹ്യ സാമ്പത്തിക തകര്‍ച്ചയുടെ കാരണം ഇതാണ്.
ചരിത്രം
റാന്നിയുടെ രാഷ്‌ട്രീയ ചാഞ്ചാട്ടം 1957 മുതല്‍ പ്രകടമാണ്. 1965 വരെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന വയലാ ഇടിക്കുള വിജയിച്ച മണ്ഡലം 1967-ലെ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് വഴിമാറി. എം. കെ. ദിവാകരനായിരുന്നു വിജയി. 70-ല്‍ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജേക്കബ് സഖറിയ വിജയിച്ചു. 77-ല്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാത്യുവിനായിരുന്നു വിജയം. 82-ല്‍ വീണ്ടും കേരളാ കോണ്‍ഗ്രസിന്റെ സണ്ണി പനവേലില്‍ വിജയിച്ചെങ്കിലും നിയമസഭാ കാലാവധി തീരും മുമ്പ് മരണമടഞ്ഞു. 86-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭാര്യ റേച്ചല്‍ സണ്ണി വിജയിച്ചു.
1996 മുതല്‍ 2016 വരെയുള്ള 20 വര്‍ഷം സിപിഎം സ്ഥാനാര്‍ത്ഥി രാജു ഏബ്രഹാം വിജയിച്ച മണ്ഡലത്തില്‍ 2021 -ലെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍. മാണി ഗ്രൂപ്പിന്റെ് പ്രമോദ് നാരായണന്‍ ആണ് വിജയിച്ചത്.
മണ്ഡല ഭൂപടം
മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ മലനാടിനെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന മണ്ഡലമായി റാന്നി മാറി. റാന്നി, പഴവങ്ങാടി, അങ്ങാടി, പെരുനാട്, അയിരൂര്‍, ചെറുകോല്‍, നാറാണംമൂഴി, വടശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിലെ എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ റാന്നി മണ്ഡലം. റബര്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന മണ്ഡലത്തില്‍ തോട്ടങ്ങള്‍ക്കിടയില്‍ അടിക്കാട് പടര്‍ന്നു കയറിയ അവസ്ഥയാണ്. കാട്ടുപന്നികളുടെ ആവാസ കേന്ദ്രങ്ങളാണിവിടം. കിഴക്കന്‍ മേഖലയായ വടശേരിക്കരയില്‍ വന്യമൃഗങ്ങള്‍ കൂത്താടുന്നു. ഒന്നിനും ഒരു പ്രതിവിധിയില്ല.
ഇല്ലായ്‌മകള്‍ ഏറെ
59 വര്‍ഷക്കാലം ഇടതും വലതും മാറി മാറി ഭരിച്ചിട്ടും റാന്നിക്ക് പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം. പമ്പയ്‌ക്ക് ഇരു കരകളിലായി വ്യാപിച്ചു കിടക്കുന്ന റാന്നി നഗരത്തെ ബന്ധിപ്പിച്ചു സമാന്തര പാലം നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചിട്ട് 5 വര്‍ഷം കഴിഞ്ഞു. 26 കോടി രൂപയ്‌ക്ക് പാലം കടക്കാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി അടക്കം ഇപ്പോള്‍ 44 കോടി ചെലവിട്ടാലും ഈ കിഫ്ബി പദ്ധതി പൂര്‍ത്തിയാകില്ലെന്നാണ് സൂചന. ഇനിയും പണി പൂര്‍ത്തിയാകാത്ത തുണുകളില്‍ ഒതുങ്ങുന്നു പാലം നിര്‍മ്മാണം. കരയില്‍ ഏതാനും സ്പാനുകള്‍ നിര്‍മ്മിച്ച് അടുക്കി വച്ചിട്ടുണ്ട്. തുടര്‍ നടപടിക്ക് പ്രമോദ് നാരായണന്‍ എംഎല്‍എ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.
ശബരിമല ഇടത്താവളം
ശബരിമല ഇടത്താവള നിര്‍മ്മാണത്തിനായി റവന്യൂ ഭൂമി ഏറ്റെടുത്തിട്ട് 14 വര്‍ഷമായി. ഇതുവരെ 6 കോടി മുടക്കിയെന്നാണ് കണക്ക്. എന്ത് വികസനമാണ് ഈ തുക കൊണ്ട് നടപ്പാക്കിയതെന്നോ എന്ന് പദ്ധതി പൂര്‍ത്തിയാകുമെന്നോ അറിയില്ല.
ആശുപത്രി കാഴ്ചവസ്തു
ചികിത്സ തേടി പ്രതിദിനം 500-ല്‍ അധികം രോഗികള്‍ എത്തുന്ന ആതുരാലയമാണ് റാന്നി താലൂക്ക് ആശുപത്രി. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ കുറവ്. ന്യൂറോ സര്‍ജന്‍ ഇല്ല. ആകെ ഉള്ളത് 5 ഡോക്ടര്‍മാര്‍. ആവശ്യത്തിന് മരുന്നില്ല, ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ല. അടിയന്തര ചികിത്സ തേടി എത്തുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് രീതി. എന്തിന് ഇങ്ങനെ ഒരാശുപത്രി എന്നാണ് നാട്ടുകാരുടെ ചോദ്യം.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എവിടെ എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴിയില്ല. രാജു ഏബ്രഹാം എംഎല്‍എ ആയിരുന്ന കാലത്ത് പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറയിലാണ് ഓപ്പറേറ്റിംഗ് സെന്ററായി ബസ് സ്റ്റാന്റ് തടങ്ങിയത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. ഇപ്പോള്‍ പഴവങ്ങാടി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. തൊട്ടടുത്ത പഞ്ചായത്തായ പെരുമ്പുഴ ഭരിക്കുന്നത് എല്‍ഡിഎഫും. അതിനാല്‍ സ്റ്റാന്റ് പെരുമ്പുഴയിലേക്ക് മാറ്റാനാണ് നീക്കം.
വഴി വികസനം വഴിയേ
നൂറു കണക്കിന് വാഹനങ്ങള്‍ പോകുന്ന റാന്നി – ചെറുകോല്‍പ്പുഴ റോഡ് വികസനം നടപ്പാക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആദ്യം 13.5 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സ്വന്തക്കാരുടെ ഭൂമി ഏറ്റെടുക്കേണ്ടതിനാല്‍ നയം മാറ്റി മീതി 10.5 ആക്കി. പക്ഷേ തുടര്‍നടപടി ഉണ്ടായില്ല. ശബരിമലയോട് ഏറ്റവും അടുത്ത മണ്ഡലമാണ് റാന്നി. അത്യാധുനിക സംവിധാനത്തോടുകൂടിയ ആശുപത്രി ഇവിടെ ആവശ്യമാണ്. ജല്‍ ജീവന്‍ മിഷന്റെ കുടിവെള്ള വിതരണം ഭാഗീകമായി പോലും നടപ്പാക്കാന്‍ കഴിയാത്ത മണ്ഡലവുമാണിത്.
















