പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തെന്ന് കണ്ടെത്തല്‍. പരാതിയിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി സ്വീകരിച്ചത്. കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്.
എന്നാൽ കാർഡ് ഉടമയ്‌ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു. അതേസമയം പരാതിയിന്മേൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടിരിക്കുകയാണ്. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. നിലവില്‍ ഈ മേൽവിലാസത്തിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും സപ്ലൈ ഓഫിസർ ഉത്തരവിട്ടു.
അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ട്. മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡ്.
അന്ന് ആർക്കും പ്രശ്നമില്ലായിരുന്നു. സപ്ലൈ ഓഫീസർ സിപിഐ നിർദേശപ്രകാരമാണ് ഇപ്പോൾ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.















