മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളി സ്വദേശി അലിയാരിനെ (58) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. തടവിനു പുറമെ 25,000 രൂപ പിഴയും പ്രതി അടയ്‌ക്കണം.
2020 ഡിസംബർ 28-നാണ് സംഭവം നടന്നത്. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു 12 വയസ്സുകാരൻ. കൂടുതൽ മീൻ ലഭിക്കുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വിശ്വസിപ്പിച്ച് പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
















