തൃശൂർ: പാലപ്പിള്ളി ചിമ്മിനി വനമേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ മംഗലം ഡാം, ചിമ്മിനി ഡാം എന്നിവയുടെ അതിർത്തി പ്രദേശമായ ഒളകരകവയിൽ വെച്ചായിരുന്നു അപകടം.
വനത്തിലെ ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെ പിടിയാന പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ സംഘം ചിതറിപ്പോയി. ഏകദേശം അരമണിക്കൂറിന് ശേഷം തിരികെ സ്ഥലത്തെത്തിയപ്പോഴാണ് കുമാർ ആനയുടെ ആക്രമണത്തിനിരയായി കിടക്കുന്നത് മറ്റുള്ളവർ കണ്ടത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്ന് കുമാറിനെ വനത്തിന് പുറത്തെത്തിച്ച് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
















