തൃശൂര്‍ : എരുമപ്പെട്ടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കിടപ്പുരോഗിയായ വയോധിക മരിച്ചു. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശിനി കാര്‍ത്ത്യായനി (84) ആണ് വീടിനുളളില്‍ നായയുടെ കടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
വീടിന്റെ വാതില്‍ തുറന്നുകിടക്കുമ്പോഴാണ് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ ആക്രമിച്ചത്. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറി.ഇതിന് ശേഷം ഇവരുടെ മാനസിക പ്രശ്‌നങ്ങളുള്ള മകന്‍ ദേവദാസനെയും (60) തെരുവുനായ ക്രൂരമായി ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ദേവദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവദാസന്റെ ശരീരമാകെ നായ കടിച്ച് മുറിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ത്ത്യായനി മരണപ്പെട്ടിരുന്നു. വയോധികയെയും മകനെയും ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
















