തൃശൂര്‍ : സ്ഥാനാര്‍ത്ഥിയാകാന്‍ തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം. സി പിഐയുടെ തട്ടകം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ മലപ്പുറം ജില്ലയില്‍ നിന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടി വന്നതിലെ നിരാശയിലാണ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തിയുണ്ട്.
സിറ്റിംഗ് എംഎല്‍എ പി.ബാലചന്ദ്രന്‍, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി.എസ്. പ്രിന്‍സ്, വനിതാ നേതാവ് ഷീല വിജയകുമാര്‍ എന്നിവരെയെല്ലാം തഴഞ്ഞാണ് തൃശൂര്‍ മണ്ഡലത്തില്‍ സിപിഐ നേതൃത്വം ആലങ്കോട് ലീലാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നാടായ തൃശൂരില്‍ മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ഥികള്‍ ഇല്ല എന്നു വരുന്നത് പാര്‍ട്ടിക്ക് നാണക്കേടാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയതയും ചേരിപ്പോരുമാണ് പുറമേ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇടയാക്കിയത്. മന്ത്രി കെ.രാജനും വി.എസ്. സുനില്‍കുമാറും തമ്മിലുള്ള ചേരിപ്പോര് പരസ്യമാണ്. സിപിഐക്ക് നിലവില്‍ തൃശ്ശൂരില്‍ അഞ്ച് എംഎല്‍എമാരാണുള്ളത്. ഇതില്‍ ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ പി. ബാലചന്ദ്രനെയും നാട്ടികയിലെ സി.സി. മുകുന്ദനെയും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടികയില്‍ സ്വതന്ത്രനായി മത്സര രംഗത്തിറങ്ങുമെന്ന് സി.സി. മുകുന്ദന്‍ പ്രഖ്യാപിച്ച്കഴിഞ്ഞു.
തൃശ്ശൂരിലും അടിത്തട്ടില്‍ പുകയുന്നത് വലിയ അമര്‍ഷമാണ്. രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തനപരിചയം ഇല്ലാത്ത ആലങ്കോട് ലീലാകൃഷ്ണനെ പോലൊരാള്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ഭാരവാഹികള്‍ പലരും. അരഡസന്‍ നേതാക്കളെങ്കിലും തൃശൂരില്‍ യോഗ്യരായുണ്ട് . പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ വ്യക്തി താല്‍പര്യമാണ് ഇവരെ തഴയാന്‍ കാരണം. രാഷ്‌ട്രീയക്കാര്‍ ജനപ്രതിനിധികളാകുന്നതാണ് ജനങ്ങള്‍ക്ക് ഇഷ്ടം. മുന്‍പ് സാക്ഷാല്‍ ഒഎന്‍വി കുറുപ്പ് പോലും തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റ കാര്യം പാര്‍ട്ടി നേതൃത്വം ഓര്‍ക്കണമായിരുന്നു എന്നും അണികള്‍ ചൂണ്ടിക്കാട്ടുന്നു.
















