കൊച്ചി: ആധുനിക ബാറ്ററികളുടെയും ഊര്‍ജസംഭരണ സംവിധാനങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ എംഎക്‌സീന്‍ അടിസ്ഥിത വസ്തുക്കള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഗ്രാഫീന്‍ സമ്മേളനമായ ‘ഗ്രാഫീന്‍ 2026’ല്‍ ഊര്‍ജസംഭരണ രംഗത്ത് ദ്വിമാന വസ്തുക്കളുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളിലാണ് ഈ പുതിയ ഗവേഷണങ്ങള്‍ അവതരിപ്പിച്ചത്.
ഐഐടി ഇന്‍ഡോറിലെ പ്രൊഫ. രൂപേഷ് എസ്. ദേവന്‍, സി.എസ്.ഐ.ആര്‍എന്‍ഐഐഎസ്ടി യിലെ ഡോ. രാഖി രാഘവന്‍ ബേബി, ജെയിന്‍ സര്‍വകലാശാലയിലെ ചന്ദ്രശേഖര്‍ റൗട്ട് എന്നിവര്‍ സംസാരിച്ചു.
ഉയര്‍ന്ന ഊര്‍ജസംഭരണ ശേഷി, വേഗത്തിലുള്ള ചാര്‍ജിംഗ്, കൂടുതല്‍ ദൈര്‍ഘ്യമുള്ള പ്രവര്‍ത്തനകാലം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ വസ്തുക്കള്‍ വികസിപ്പിക്കുന്നത്. ഗ്രാഫീനിന്റെ ഉയര്‍ന്ന വൈദ്യുത ചാലകശേഷിയും വലിയ ഉപരിതല വിസ്തീര്‍ണവും ശക്തിയും ബാറ്ററി ഇലക്ട്രോഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിലൂടെ ബാറ്ററികളില്‍ ഇലക്ട്രോണുകളും അയണുകളും വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ചാര്‍ജിംഗ് സമയം കുറയുകയും ഊര്‍ജസംഭരണ ശേഷി വര്‍ധിക്കുകയും ചെയ്യും.
ഗ്രാഫീനുമായി ബന്ധപ്പെട്ട പുതിയ ദ്വിമാന വസ്തുക്കളായ എംക്‌സീനുകളെക്കുറിച്ചും സമ്മേളനത്തില്‍ ഗവേഷണങ്ങള്‍ അവതരിപ്പിച്ചു. കാര്‍ബണ്‍, ബോറോണ്‍, നൈട്രജന്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച പുതിയ നാനോ വസ്തുക്കളുടെ സാധ്യതകളെക്കുറിച്ച് റൈസ് സര്‍വകലാശാലയിലെ പ്രശസ്ത നാനോ സാങ്കേതികവിദ്യ ശാസ്ത്രജ്ഞന്‍ പ്രൊഫ. പുലിക്കല്‍ എം. അജയന്‍ വിശദീകരിച്ചു. ഇത്തരത്തിലുള്ള സംയുക്തങ്ങള്‍ ഉപയോഗിച്ച് വികസിപ്പിക്കുന്ന പുതിയ വസ്തുക്കള്‍ ഇലക്ട്രോണിക്‌സ്, ഊര്‍ജസംഭരണം, നാനോ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.











