റായ്‌പൂർ: ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തറിൽ ബുധനാഴ്ച നടന്ന കീഴടങ്ങലിൽ 44 സ്ത്രീകളും ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഘത്തിന്റെ പക്കൽ നിന്ന് 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. എകെ–47, ഇൻസാസ് റൈഫിൾ, കാർബൈൻ, മറ്റു റൈഫിളുകൾ, ബിജിഎൽ തുടങ്ങിയവയാണ് ഇവയിൽ ഉൾപ്പെടുന്നത്. ഇതോടൊപ്പം 3.61 കോടി രൂപ പണവും ഏകദേശം 1.64 കോടി രൂപ വിലമതിക്കുന്ന സ്വർണവും കണ്ടെത്തി. ഏകദേശം 125 പവൻ സ്വർണമാണ് പിടിച്ചെടുത്തത്.
കീഴടങ്ങിയവരിൽ 6 ഡിവിസിഎം തലത്തിലുള്ള നക്സലൈറ്റുകൾ, 3 കമ്പനി പ്ലാറ്റൂൺ അംഗങ്ങൾ, 18 പിപിസിഎം അംഗങ്ങൾ, 23 ഏരിയ കമ്മിറ്റി അംഗങ്ങൾ, 56 പാർട്ടി അംഗങ്ങൾ എന്നിവരാണ്. സംഘത്തിലെ ആറ് നക്സലൈറ്റുകളുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ നക്സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ കൂട്ടക്കീഴടങ്ങൽ നടന്നതെന്ന് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു. “പുനർജന്മത്തിലൂടെ പുനരധിവാസം” എന്നർത്ഥമുള്ള ‘പൂന മാർദം’ സർക്കാർ പദ്ധതിയുടെ കീഴിലാണ് മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















