ടെഹ്റാൻ: അമേരിക്ക, ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒമാൻ ഭരണകൂടം നടത്തിയ സമാധാന ചർച്ചകൾക്കൊടുവിലാണ് ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന നിലപാടിലെത്തിയത്. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകളും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ മുന്നോട്ടുവെച്ചിട്ടുണ്ട്.ചില നിർണായക ഉപാധികൾ അംഗീകരിക്കപ്പെട്ടാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകൂവെന്ന് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി.
ഇറാനിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ഇനി മുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന അന്താരാഷ്‌ട്ര ഉറപ്പ് ലഭിക്കണം, രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടൽ ഉണ്ടാകരുത് എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ സമാധാനത്തിലേക്ക് നീങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി താൻ സംസാരിച്ചു എന്നും പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുദ്ധം ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
യുദ്ധത്തിൽ അമേരിക്ക ഇതിനകം വിജയം നേടിയിട്ടുണ്ടെന്നും എന്നാൽ ദൗത്യം പൂർണ്ണമാക്കുന്നതിനായി സൈന്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കെൻറുകിയിലെ റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധം ആരംഭിച്ച ആദ്യ മണിക്കൂറുകളിലേ അമേരിക്ക മേൽക്കൈ നേടി എന്നും ഇറാനെ ശക്തമായി ബാധിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ വിലയിരുത്തൽ ശരിയല്ലെന്നും യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നുമാണ് ഇസ്രേയേൽ വ്യക്തമാക്കുന്നത്.
















