മുംബൈ : മഹാരാഷ്‌ട്രയിലെ ബുൽദാനയിൽ ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് നടത്തിയ ക്രൂരമായ ശ്രമങ്ങളുടെ ചുരുളഴിഞ്ഞു. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയിട്ടും മരിക്കാത്തതിനെ തുടർന്ന്, വാടകക്കൊലയാളിയെ വിട്ട് കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് പ്രകാശ് ഗവാണ്ടെയെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് രണ്ടിനാണ് പ്രകാശിന്റെ ഭാര്യ വൃഷാലി സ്കൂട്ടറിൽ പോകുമ്പോൾ ടാറ്റ ഇൻട്രാ കാർ ഇടിച്ച് കൊല്ലപ്പെട്ടത്. ഇതൊരു സാധാരണ വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. കൊലപാതകത്തിനായി വാടകക്കൊലയാളിക്ക് ഒരു ലക്ഷം രൂപയാണ് പ്രകാശ് നൽകിയത്. കാറുടമയെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ് പ്രകാശ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മുൻപ് മൂന്ന് തവണ ഭാര്യയുടെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രകാശിന്റെ പങ്ക് പുറത്തുകൊണ്ടുവന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
















