തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി.മണ്ണ് മാറ്റുന്നതിനായി പണം വാങ്ങവെ കാട്ടക്കട സ്വദേശിയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്.
5000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ ഭൂമിയില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമ ഏറ്റെടുത്തിരുന്നു.
മണ്ണ് നീക്കം ചെയ്യാനായി ഇയാള്‍ ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കി. എന്നാല്‍ പാസ് അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ പരാതിക്കാരന്‍ ജില്ലാ ഓഫീസില്‍ നേരിട്ട് അന്വേഷിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ക്രിസ്റ്റ്യന്‍ ജോസ് കൈക്കൂലി ആവശ്യപ്പെട്ടത്.
















